ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇന്നു വിധി പറയും.
ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ. വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക. അഞ്ച് വർഷത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഡിസംബർ പത്തിന് സുപ്രീംകോടതി വാദം പൂർത്തിയാക്കിയിരുന്നു.
യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ഡൽഹി പോലീസ് ചുമത്തിയിട്ടുള്ളത്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതികളിൽ ഒരാളായ ഉമർ ഖാലിദിന് ഡൽഹി വിചാരണ കോടതി കർശന ഉപാധികളോടെ 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 16 മുതൽ 29 വരെയായിരുന്നു ജാമ്യ കാലാവധി.